Sunday, May 12, 2013

ദേ - പിന്നേം പോണ് ഫോര്‍ !


ഒരു വെള്ളിയാഴ്ച.

ടീവിയില്‍ ഇന്ത്യ x ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

അപ്പോള്‍ ടോണിയേട്ടന്‍ റൂമിലേക്ക്‌ കയറി വന്നു.

"ഓഹോ താനും കാണുമോ ഈ കിറിക്കിട്ടു കുത്തിയ കളി ?" അല്‍പ്പം പുച്ഛത്തോടെ ടോണിയെട്ടന്‍ ചോദിച്ചു.

"പിന്നല്ലാതെ , ഇതല്ലേ ടോണിയേട്ടാ നമ്മടെ ഇപ്പോഴത്തെ ദേശീയ വിനോദം"

"എനിക്കീ കുന്തം കാണുന്നതെ ദേഷ്യാ" ടോണിയേട്ടന്‍ പറഞ്ഞു.


"അത് നിങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയാഞ്ഞിട്ടാ, കളിയുടെ നിയമങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞു തരാം"


എന്നാല്‍ കേള്‍ക്കട്ടെ എന്നമട്ടില്‍ ടോണിയേട്ടന്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി.

ആ ഗ്രൌണ്ടിനു ചുറ്റും ചരിച്ചു വച്ചിരിക്കുന്ന പരസ്യബോഡുകള്‍ കണ്ടോ ? അതിനുള്ളില്‍ ഉള്ള വെള്ള വരയാണ് ബൌണ്ടറി. ആ നടുക്ക് ബാറ്റും പിടിച്ചു നില്‍ക്കുന്ന ആള്‍ ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍."

"ആ - സച്ചിനെയൊക്കെ എനിക്കറിയാം" എല്ലാ ശരാശരി ഇന്ത്യക്കാരനേയും പോലെ ടോണിയേട്ടനും പറഞ്ഞു.

"സച്ചിന്‍ അടിക്കുന്ന പന്ത് നിലത്തു കുത്തി ആ വരക്കപ്പുരം പോയാല്‍ ഫോര്‍ റണ്‍സ്. താഴെ തൊടാതെ വരയ്ക്കു മുകളിലൂടെ പോയാല്‍ സിക്സ്. മനസ്സിലായോ ?"

ടോണിയേട്ടന്‍ മനസ്സിലായെന്നു തലയാട്ടി.

"എങ്കില്‍ ടോണിയേട്ടന്‍ കളി കാണൂ , അടുക്കളയില്‍ ഇച്ചിരി പണി എടുക്കട്ടെ" അത് പറഞ്ഞു കൊണ്ട് ഞാന്‍ അടുക്കളയിലേക്കു പോയി.

അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്ന് ടോണിയേട്ടന്‍റെ ഉച്ചത്തിലുള്ള കയ്യടിയും ബഹളവും കേട്ടു - "ഫോര്‍ !"

ഏതാനും സെക്കണ്ടുകള്‍ കഴിഞ്ഞില്ല വീണ്ടും "ഫോര്‍ എന്ന് പറഞ്ഞു വീണ്ടും ടോണിയേട്ടന്‍ കയ്യടിച്ചു ബഹളം വച്ചു.

അടുത്ത പത്തു സെക്കണ്ട് ഇടവിട്ട്‌ രണ്ടു തവണ കൂടി ഇതാവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ആകാക്ഷയോടെ ഹാളിലേക്ക് ഓടിച്ചെന്നു.

"താന്‍ പോയ സമയത്ത് സച്ചിന്‍ നാല് ഫോര്‍ അടിച്ചു !" ടോണിയേട്ടന്‍ ആഹ്ലാദത്തോടെ പറഞ്ഞു.

"ങേ നാല് ഫോറോ ? ഞാന്‍ പോകുമ്പോള്‍ സ്കോര്‍ 156 ആയിരുന്നല്ലോ - ഇപ്പോള്‍ 160 , അപ്പോള്‍ ഒരു ഫോറല്ലേ അടിച്ചിട്ടുള്ളൂ"

"ഹേയ് - അല്ലെന്നേ , ഞാന്‍ കണ്ടതല്ലേ സച്ചിന്‍ നാല് ഫോറടിക്കുന്നത്"

അടുത്ത നിമിഷം വീണ്ടും നേരത്തെ അടിച്ച ഫോര്‍ വീണ്ടും റീപ്ലേയില്‍ കാണിച്ചു.

ടോണിയേട്ടന്‍ വീണ്ടും കൈകൊട്ടിക്കൊണ്ട് പറഞ്ഞു "ദേ - പിന്നേം പോണു ഫോര്‍ !"

2 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top