Sunday, May 12, 2013

പാക്കിസ്ഥാനി എംബസി


ടോണിയേട്ടന്‍റെ വിസയിലെ ഒരു പ്രശ്നം തീര്‍ക്കുവാനാണ് അന്നും പതിവുപോലെ തലേന്ന് രാത്രി ജുബൈലില്‍ നിന്നും തിരിച്ച ഞങ്ങള്‍ പിറ്റേന്ന് വെളുപ്പിനെ തന്നെ റിയാദിലുള്ള ഇന്ത്യന്‍ എംബസിയില്‍ എത്തിയത്.

പ്രതീക്ഷ തെറ്റിയില്ല - കിലോമീറ്ററുകള്‍ നീളുന്ന ക്യൂ !

അര്‍ദ്ധമനസ്സോടെ മടിച്ചു നിന്ന ടോണിയേട്ടനെ ഞാന്‍ ബലമായി ക്യൂവിന്‍റെ അവസാനത്തെ അവകാശിയായി അവരോധിച്ചു.

സൌദിയില്‍ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടില്ലാത്തത് കൊണ്ടും, സമയാസമയങ്ങളില്‍ ചായ വാങ്ങിക്കൊണ്ടു കൊടുക്കാന്‍ ഞാന്‍ ഉള്ളത് കൊണ്ടും ടോണിയേട്ടന്‍ കടിച്ചു പിടിച്ചു ക്യൂവിനോപ്പം നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു.


ഇത് രണ്ടാം തവണയാണ് ഇക്കാര്യത്തിനായി എംബസിയില്‍ വരുന്നത്.

കഴിഞ്ഞയാഴ്ച ഇതേ പോലെ മണിക്കൂറുകളോളം നിന്നശേഷം കൌണ്ടറില്‍ എത്തിയപ്പോള്‍ അകത്തിരുന്ന ഉദ്യോഗസ്ഥന്‍ 'അത് ശരിയല്ല, ഇത് ശരിയല്ല, അടുത്തയാഴ്ച്ചവരൂ' എന്നുപറഞ്ഞു മടക്കിയയച്ചിരുന്നു.

ഒടുവില്‍, തൊണ്ണൂറുകളില്‍ നിന്ന് തട്ടിയും മുട്ടിയും അവസാനം നൂറു കടക്കുന്ന ഇന്ത്യന്‍ ടെസ്റ്റ്‌ ബാറ്റ്സ്മാനെ പോലെ അവസാനം ടോണിയേട്ടന്‍റെ ഊഴവും വന്നു.

വീണ്ടും ഉദ്യോഗസ്ഥന്‍റെ പതിവ് പല്ലവി - എന്തോ ശരിയല്ലത്രേ !

എന്നാല്‍ 'എന്താണ് ശരിയല്ലാത്തത്' എന്ന ടോണിയേട്ടന്‍റെ ചോദ്യത്തിന് "അതൊക്കെ നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂ , എനിക്കിവിടെ ഇക്കണ്ട ആളുകളെ എല്ലാം പറഞ്ഞു വിടെണ്ടതുണ്ട്' എന്നായിരുന്നു ഉദ്യോഗസ്ഥപ്രതികരണം.

ഇതുപോലെ 'പറഞ്ഞു വിടാന്‍' ആണെങ്കില്‍ അധികം സമയം ഒന്നും വേണ്ടല്ലോ എന്ന് മനസ്സില്‍ ഉയര്‍ന്ന ന്യായമായ സംശയം പക്ഷെ ടോണിയേട്ടന്‍ ചോദിച്ചില്ല - പകരം ഇങ്ങനെ ചോദിച്ചു.

"സാറേ , എനിക്കൊരു സംശയമുണ്ട്‌ ?"

"ഉം എന്താ ?" പുരികം ചുളിച്ചു ടോണിയേട്ടന്‍റെ നേരെ അനിഷ്ടത്തോടെ നോക്കിക്കൊണ്ട് ഉദ്യോഗസ്ഥന്‍ മുരണ്ടു.

"ഈ പാക്കിസ്ഥാന്‍ എംബസിയില്‍ എന്താ ഇന്ത്യയുടെ ദേശീയപതാക വച്ചിരിക്കുന്നെ ?"

ഉദ്യോഗസ്ഥന്‍ ഒന്നും മനസിലാകാതെ വാപോളിച്ചിരിക്കുമ്പോള്‍ കമ്മീഷണറിലെ സുരേഷ്ഗോപിയെപ്പൊലെ ടോണിയേട്ടന്‍ സ്ലോമോഷനില്‍ തിരിഞ്ഞ് നടന്നു കഴിഞ്ഞിരുന്നു !

ടോണിയേട്ടന്‍റെ തലയില്‍ ഓള്‍റെഡി മുടി തീരെ ഇല്ലാത്തത് കൊണ്ടും, മീശയും,താടിയും ക്ലീന്‍ ഷേവ് ആയതു കൊണ്ടും, ഇനി പുരികം വടിക്കുക എന്ന ഒരേയൊരു ഓപ്ഷന്‍ കൂടിയേ ഒരു ആള്‍മാറാട്ടത്തിനിനി അവശേഷിക്കുന്നുള്ളൂ !

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top