Sunday, May 12, 2013

ടോണിയേട്ടന്‍റെ പാന്‍റ്



ടോണിയേട്ടന്‍ പുതിയ ജീന്‍സ് വാങ്ങി.

റൂമില്‍ കൊണ്ടുവന്ന് ഇട്ടു നോക്കിയപ്പോള്‍ ഒരു രണ്ടിഞ്ചു നീളം കൂടുതലുണ്ട്.

"അത് താഴെ മടക്കി വച്ചാല്‍ പോരെ ടോണിയേട്ടാ ?" ഞാന്‍ ചോദിച്ചു.

"ഹേയ് - മടക്കി വക്കുന്നതോന്നും എനിക്കിഷ്ടമല്ല, താഴത്തെ പാക്കിസ്ഥാനിയെ കൊണ്ട് രണ്ടിഞ്ചു നീളം കുറപ്പിക്കാം"

ടോണിയേട്ടന്‍ പാന്‍റും കൊണ്ട് താഴേക്ക്‌ പോയി.


ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാന്‍റിന്‍റെ പൊതിയുമായി മൂളിപ്പാട്ടൊക്കെ പാടി സന്തോഷത്തോടെ കയറി വന്നു.


"ഇനിയൊന്നു ഇട്ടു നോക്കട്ടെ" മൂപ്പര്‍ മുറിക്കകത്തെക്ക് കയറിപോയി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പാന്‍റിട്ട് വന്നു - ഞാന്‍ നോക്കുമ്പോള്‍ ഒരുമാതിരി അരപ്പിരി ലൂസായ ന്യൂജനറേഷന്‍ ചെറുക്കന്മാരെപ്പോലെ വേയ്സ്റ്റ് ഒരു രണ്ടിഞ്ചു താഴെ !

ഇതെന്തു പാന്‍റ് ടോണിയേട്ടാ ?" ഞാന്‍ ചോദിച്ചു.

അപ്പോഴാണ്‌ ടോണിയേട്ടനും അത് ശ്രദ്ധിച്ചത്.

"ആ പട്ടാണി എന്തൂട്ടാ ഈ കാണിച്ചു വച്ചേന്നാവോ, ഞാന്‍ അവനെ ചെന്ന് രണ്ടു തള്ളക്കു വിളിക്കട്ടെ, നീയും വാ"

ഞങ്ങള്‍ പാകിസ്ഥാനിയുടെ കടയില്‍ എത്തി.

ടോണിയേട്ടന് ഹിന്ദി ഒട്ടും അറിയാത്തതിനാല്‍ ചോദിക്കാന്‍ നേരത്തെ തന്നെ എന്നെ ചട്ടം കെട്ടിയിരുന്നു.

"ഇതെന്താ താന്‍ കാണിച്ചു വച്ചിരിക്കുന്നെ ?" ഞാന്‍ അവനോടു ഹിന്ദിയില്‍ ചോദിച്ചു.

"ഇയാള്‍ എന്നോട് രണ്ടിഞ്ചു നീളം കുറക്കാന്‍ പറഞ്ഞു - ഞാന്‍ കുറച്ചു"

കൂസലില്ലാതെ അവന്‍റെ മറുപടി ഞാന്‍ തര്‍ജമ ചെയ്തു കൊടുത്തപ്പോള്‍ പാന്‍റ് അവന്‍റെ മോന്തക്കെറിഞ്ഞു കൊണ്ട് അവന്‍റെ തന്തക്കും, തള്ളക്കും വിളിച്ച് ടോണിയേട്ടന്‍ ഇറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു.

പണ്ട് ഈ പാകിസ്ഥാനി ഞങ്ങളുടെ ഫ്ലാറ്റിന്‍റെ സ്റ്റെപ്പില്‍ ഇരുന്നു സിഗരറ്റ് വലിച്ചതിന് ടോണിയേട്ടന്‍ അവനെ വഴക്ക് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തു.

അവനും അക്കാര്യം ഓര്‍ത്തെന്നു അവന്‍റെ അടക്കിപ്പിടിച്ച ചിരി കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top