Sunday, May 19, 2013

ആലിപ്പഴവും ഐസ്മിട്ടായിയും

(ആദ്യമേ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തേക്കാം - ഇതില്‍ അത്ര വലിയ കോമഡി ഒന്നും ഇല്ലട്ടോ - രസകരമായ ഒരു അനുഭവകഥ പോലെ വായിക്കാം)

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്ലിനു ബെല്ലടിക്കുന്നത് തന്നെ ഐസ്മിട്ടായി വാങ്ങിത്തിന്നാനായിരുന്നു.

സ്കൂളിന്‍റെ ഗേറ്റിനു മുന്നില്‍, ഹെഡ്മാസ്റ്റര്‍ എത്രവട്ടം ഓടിച്ചു വിട്ടാലും, മീന്‍ മുറിക്കുന്നിടത്തു കറങ്ങിത്തിരിയുന്ന കള്ളിപ്പൂച്ചയെപ്പോലെ സ്കൂളിന്‍റെ ഇട്ടാവട്ടത്ത്‌ ചുറ്റിത്തിരിയും ഐസ്മിട്ടായിക്കാരന്‍.

അയാളുടെ സൈക്കിളിനു പിന്നിലെ ആകാശ നീലപെയിന്‍റടിച്ച പെട്ടിക്കുള്ളില്‍ ഓറഞ്ചും, മുന്തിരിയും, പാലും, ചോക്കലെറ്റും ഒക്കെ രുചികളില്‍ വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഐസ്മിട്ടായികള്‍.

ടോണിയെട്ടന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയം.

രാവിടെ രണ്ടു പിരിയഡ് കഴിയുമ്പോഴുള്ള അഞ്ചു മിനിറ്റ് ഇന്‍റര്‍വെല്‍ ബെല്ലടിച്ചപ്പോള്‍ ഉച്ചവരെ കാത്തുനില്ക്കാന്‍ ക്ഷമയില്ലാതെ ടോണിയേട്ടന്‍, തലേദിവസം അമ്മമ്മ വന്നപ്പോള്‍ കൊടുത്ത 25 പൈസക്ക് ഒരു ഐസ്മിട്ടായി വാങ്ങി.

അത് ആസ്വദിച്ചു ചപ്പിക്കൊണ്ടിരിക്കുന്നതിനിടെ തിരികെ ക്ലാസില്‍ കയറാനുള്ള ബെല്ലടിച്ചു .

ഐസ്മിട്ടായിയാണെങ്കില്‍ പാതിപോലും തിന്നു തീര്‍ന്നിട്ടുമില്ല - ബെല്ലടിക്കേം ചെയ്തു - മൂപ്പര്‍ ഒന്നുമാലോചിക്കാതെ ഐസ്മിട്ടായി പോക്കറ്റിലിട്ടു ക്ലാസിലെക്കോടി.

ഉച്ചക്ക് ബെല്ലടിച്ചപ്പോള്‍ ബാക്കി ഐസ്മിട്ടായി തിന്നാന്‍ വേണ്ടി പോക്കറ്റില്‍ കയ്യിട്ട ടോണിയേട്ടന് കിട്ടിയത് ഐസ്അപ്രത്യക്ഷമായ വെറും കോല് മാത്രമായിരുന്നു.

അക്കൊല്ലം സ്കൂളില്‍ വന്ന മാജിക്കുകാരന്‍ തോപ്പിക്കുള്ളില്‍ ഇട്ട കോഴിമുട്ട അപ്രത്യക്ഷമാക്കിയപ്പോള്‍ പോലും ടോണിയേട്ടന്‍ ഇത്രയ്ക്കു അതിശയിച്ചിരുന്നില്ല !

ടോണിയേട്ടന്‍ വിവാഹം ഒക്കെ കഴിഞ്ഞ ശേഷം ജോലി കിട്ടി സൌദി അറേബ്യയില്‍ എത്തി.

അന്നൊരു വെള്ളിയാഴ്ച - പതിവില്ലാതെ സൌദിയില്‍ പകല്‍ നല്ലപോലെ മഴപെയ്തു.

അപൂര്‍വ്വമായി പെയ്ത മഴയോടൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടായി.
ടോണിയേട്ടന്‍ ആദ്യമായാണ്‌ ആലിപ്പഴം കാണുന്നത്.

ഏറെ കൌതുകത്തോടെ മൂപ്പര്‍ കുറെ പെറുക്കിയെടുക്കുകയും ചെയ്തു.

ഉടനെ തന്നെ ടോണിയേട്ടന്‍ നാട്ടിലുള്ള ഭാര്യ ഫിലോമിനച്ചേച്ചിയെ ഫോണില്‍ വിളിച്ചു.

"എടീ, ഇവിടെ നല്ല മഴ - ആലിപ്പഴവും വീഴുന്നുണ്ട്"

"ആണോ, അച്ചോടാ, ഞാന്‍ ഇതുവരെ ആലിപ്പഴം കണ്ടിട്ടില്ല അച്ചായാ."

"ഞാനും ആദ്യമയിട്ടാടീ കാണുന്നെ"

"ശോ ഈ അച്ചായന്‍റെ ഒരു ഭാഗ്യം. ഞാന്‍ ഇപ്പൊ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ ആലിപ്പഴം എങ്ങനാ ഇരിക്കുന്നതെന്ന് എനിക്കും കാണാമായിരുന്നല്ലേ"

"അത് നീ വിഷമിക്കണ്ട, ഞാന്‍ അഞ്ചാറെണ്ണം പെറുക്കിയെടുത്തു കുപ്പിയിലിട്ടു അടച്ചു വച്ചിട്ടുണ്ട്. അടുത്ത വര്‍ഷം വരുമ്പോള്‍ നിന്നെ കാണിച്ചു തരാം കേട്ടോ."

ഫിലോമിനചേച്ചി സന്തോഷത്തോടെ ഫോണ്‍ വച്ചു !

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top