Sunday, May 12, 2013

കോപ്പിയടി ഉണ്ടാക്കിയ പുലിവാല്



ടോണിയേട്ടന്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.

പഠനത്തില്‍ പിറകിലാണ് നമ്മുടെ കഥാനായകന്‍.

വീട്ടില്‍ നാല് പെങ്ങന്മാര്‍ക്ക് ഒരൊറ്റ ആങ്ങള ആയതിനാല്‍ ഏറെ ലാളനകള്‍ ഏറ്റാണ്  വളര്‍ന്നത്.

അത് കൊണ്ട് തന്നെ പഠനത്തില്‍ ആയാലും മറ്റെന്തു കാര്യത്തിലായാലും എന്ത് കുരുത്തക്കേട് കാണിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ലെന്ന സ്ഥിതി ടോണിയേട്ടന്‍ ശരിക്കും മുതലാക്കി.

ക്ലാസ്സില്‍ ടോണിയേട്ടന്‍റെ തോടടുത്തിരിക്കുന്ന കുട്ടി ഒരു നല്ല പഠിപ്പിസ്റ്റാണ്.

ആ വകയില്‍ ക്ലാസ്‌ ടെസ്റ്റുകളിലും മറ്റും ടോണിയേട്ടന്‍ നല്ല "പ്രകടനം" കാഴ്ച വെക്കാറുമുണ്ട് (കോപ്പിയടി ആണെന്ന്‍ പ്രത്യേകം പറയേണ്ടതിലല്ലോ)

ഒരു ദിവസം കണക്ക് മാഷ്‌ ബോര്‍ഡില്‍ ഒരു ചോദ്യമിട്ടു.

എല്ലാവരോടും ഉത്തരം കണ്ടു പിടിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം കസേരയില്‍ ഇരിപ്പായി.

പതിവ് പോലെ ടോണിയേട്ടന്‍ അടുത്തിരിക്കുന്നവന്‍റെ ബുക്കില്‍ നോക്കി അവന്‍ എഴുതിയത് വള്ളിപുള്ളി വിടാതെ പകര്‍ത്തി വച്ച് അടുത്തുള്ള ബെഞ്ചുകളിലെ കുട്ടികളുമായി സംസാരം തുടങ്ങി.

അഞ്ചു മിനിറ്റ് കഴിഞ്ഞു അദ്ധ്യാപകന്‍ എഴുന്നേറ്റു കണക്ക് ശരിയായി ചെയ്തവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു.

അടുത്തിരിക്കുന്ന കുട്ടി എഴുന്നേറ്റത് കണ്ടു ടോണിയേട്ടനും എഴുന്നേറ്റു നില്‍പ്പായി.

ക്ലാസ്സില്‍ കണക്ക് ശരിയായി ചെയ്തവര്‍ ടോണിയേട്ടനും ആ കുട്ടിയും മാത്രം.

കണ്ടോടാ എന്ന ഭാവത്തില്‍ എല്ലാവരെയും നോക്കി ഒന്ന് മന്ദഹസിക്കാനും ടോണിയേട്ടന്‍ മറന്നില്ല.

"രണ്ടു പേരും പുസ്തകവുമായി ഇവിടെ വാ" സാര്‍ പറഞ്ഞു.

അടുത്ത കുട്ടിയുടെ പുസ്തകം ആണ് ആദ്യം നോക്കിയത്. അവന്‍ എഴുതിയ ശരിയുത്തരം വാധ്യര്‍ക്കു ബോധിച്ചു.

അവനോടു സീറ്റില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞിട്ട് സാര്‍ ടോണിയേട്ടന്‍റെ പുസ്തകം വാങ്ങി നോക്കി.

കൂട്ടുകാരന് കിട്ടിയത് പോലെ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ടോണിയേട്ടന്‍ ,ബുക്ക്‌ വായിച്ച വാദ്ധ്യാരുടെ മുഖം കടന്നാല്‍ കുത്തിയ പോലെ വീര്‍ക്കുന്നതു കണ്ട് അമ്പരന്നു.

കയ്യിലിരുന്ന ചോക്ക്‌ ടോണിയേട്ടന്‍റെ നേരെ നീട്ടിക്കൊണ്ടു വാധ്യാര്‍ കല്‍പ്പിച്ചു .
" നീ ബോര്‍ഡില്‍ ഇത് ചെയ്തു കാണിച്ചേ"

ടോണിഏട്ടന്‍ നിന്നു പരുങ്ങി.

കണക്ക് ചെയ്യാന്‍ പോയിട്ട് ചോദ്യം വായിച്ചു മനസ്സിലാക്കാന്‍ പോലും ടോണിയേട്ടനറിയില്ല.

നിമിഷങ്ങള്‍ കടന്നു പോയി.

"എന്തേ - ചെയ്യുന്നില്ലേ ?" വീണ്ടും വാധ്യാരുടെ ചോദ്യം.

ഇല്ലെന്ന അര്‍ത്ഥത്തില്‍ ടോണിയേട്ടന്‍ ചുമല്‍ രണ്ടും കൊച്ചിക്കാണിച്ചു.

"നീ പോയി ടീച്ചേര്‍സ് റൂമില്‍ നിന്ന്‍ ഒരു നല്ല ചൂരല്‍ എടുത്തുകൊണ്ട് വാ"
വാധ്യാര്‍ ദേഷ്യത്തില്‍ അലറി.

ടോണിയേട്ടന്‍റെ പാതി ജീവന്‍ പോയി.

എന്‍റെ ദൈവമേ - ഒരാവശ്യവുമില്ലാത്ത കുരിശാണല്ലോ താന്‍ എടുത്തു തലയില്‍ വച്ചത്.

ക്ലാസ്സിലെ കണക്ക് ചെയ്യാത്ത മറ്റു കുട്ടികള്‍ ഒക്കെ ഇരുന്നു കളിയാക്കി ചിരിക്കുന്നു.

ചമ്മലോടെ അതിലേറെ പേടിയോടെ ടോണിയേട്ടന്‍ ടീച്ചേര്‍സ് റൂമിലേക്ക്‌ നടന്നു.

അവിടെ പരതി കിട്ടിയതില്‍ ഏറ്റവും നേര്‍ത്ത ഒരു ചൂരലുമായി ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിലെത്തിയപ്പോള്‍ ചൂരല്‍ വാധ്യാരുടെ നേരെ നീട്ടി.

"ഇതെവിടന്നു കിട്ടിയെടാ നിനക്ക് ? ഇതിലും വണ്ണം കുറഞ്ഞത് ഇല്ലായിരുന്നോ അവിടെ ? ഡാ സതീശാ - നീ പോയി ഏറ്റവും വണ്ണമുള്ള ഒരെണ്ണം എടുത്തോണ്ട് വാടാ."

കേട്ട പാതി കേള്‍ക്കാത്ത പാതി സതീശന്‍ എന്ന കുട്ടി ടീച്ചേര്‍സ് റൂമിലെക്കൊടി.

ആ ഓട്ടം ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ അവന് വെള്ളിയെങ്കിലും കിട്ടിയേനെ.

ടോണിയേട്ടന്‍റെ ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി.

ഇന്നത്തെ കാര്യം പോക്കാണ്....കണക്ക് മാഷിനു ദേഷ്യം വന്നാല്‍ തീര്‍ന്നു,
ടോണിയേട്ടന്‍ മനസ്സില്‍ പറഞ്ഞു.

പറഞ്ഞ സമയത്തിനുള്ളില്‍ സതീശന്‍ പെരുവിരലിന്‍റെ മുഴുപ്പുള്ള ഒരു ചൂരലുമായി വന്ന് സാറിന് നീട്ടിക്കൊണ്ടു ടോണിയേട്ടനെ നോക്കി വിജയഭാവത്തില്‍ ഒരു ചിരി ചിരിച്ചു.

ഭൂമി പിളര്‍ന്ന് താന്‍ ആ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി ടോണിയെട്ടന്.

പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരത്തിനെ വെല്ലുവിളിക്കുന്ന മട്ടിലുള്ള ഒരു വെടിക്കെട്ട് തന്നെ ആയിരുന്നു.

തല്ലിത്തല്ലി ഒടുവില്‍ കൈ കഴച്ചപ്പോള്‍ "പോടാ" എന്നലറിക്കൊണ്ട് മാഷ്‌ കസേരയില്‍ തളര്‍ന്നിരുന്നു.

തന്‍റെ സീറ്റില്‍ എത്തിയ ടോണിയേട്ടന് ഇരിക്കാന്‍ സാധിച്ചില്ല.

ചന്തിയും, തുടകളുടെ മുകള്‍ഭാഗവും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട പ്രതീതി.

ക്ലാസ്സിലെ കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കുന്നു.

തല ഡസ്കിലേക്ക് താഴ്ത്തി ടോണിയേട്ടന്‍ ഇരുന്നു.

കണ്ണുകളില്‍ കണ്ണുനീര്‍ വന്നില്ല.

എന്നാലും മറ്റവന് പ്രശംസ കിട്ടാനും തനിക്ക് തല്ലു കിട്ടാനുമുള്ള കാരണം ആലോചിച്ച് തല പുണ്ണാക്കുകയായിരുന്നു ടോണിയേട്ടന്‍ .

 ഉച്ചക്കുള്ള ബെല്ലടിച്ചപ്പോള്‍ ആണ് അടുത്ത കുട്ടി നടന്ന സംഭവം പറഞ്ഞു കൊടുത്തത്.

ബോര്‍ഡില്‍ ഇട്ട കണക്ക് ചെയ്തു തീര്‍ന്ന ശേഷം ടോണിയേട്ടന്‍ സംസാരത്തില്‍ മുഴുകിയ സമയത്ത് , താന്‍ ഇട്ട ചോദ്യത്തില്‍ തൃപ്തി വരാതെ മാഷ്‌ ആദ്യമിട്ട ചോദ്യം മായിച്ചു വേറെ ചോദ്യം ഇട്ടിരുന്നത്രേ.

സംസാരത്തിന്‍റെ തിരക്കില്‍ അതൊക്കെ ശ്രദ്ധിക്കാന്‍ ടോണിയേട്ടനെവിടെ നേരം.

അങ്ങനെ ഹീറോ ആകാന്‍ ശ്രമിച്ച ടോണിയേട്ടന്‍ വെറും സീറോ ആയി മാറി.

അതിനു ശേഷം ഒരിക്കലും കണക്ക് ചെയ്തു എഴുന്നേറ്റു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അബദ്ധത്തില്‍ പോലും ടോണിയെട്ടന്‍ ഉണ്ടായിട്ടില്ല എന്നത് ചരിത്രം.

ടോണിയേട്ടനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വിശ്വസിക്കുന്നു. കൂടുതല്‍ ടോണിയേട്ടന്‍ കഥകളുമായി വീണ്ടും സന്ധിക്കും വരെ വണക്കം.

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top