Tuesday, May 28, 2013

മെറ്റല്‍ ഡിറ്റക്റ്റര്‍


ടോണിയേട്ടന്‍ സൌദിയില്‍ വന്ന ശേഷം ആദ്യമായി അവധിക്കു പോകാനായി എയര്‍പോര്‍ട്ടില്‍ എത്തി.

ബാഗൊക്കെ സ്ക്രീന്‍ ചെയ്തു കയറ്റി വിട്ടു , ബോഡിംഗ് പാസ് കിട്ടി, എമിഗ്രേഷന്‍ കഴിഞ്ഞുപാസ്പോര്‍ട്ടില്‍ സ്റ്റാമ്പും അടിച്ചു.

അവസാനത്തെ ഹാന്‍ഡ്‌ ബാഗ് സ്ക്രീനിംഗില്‍ പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് ദേഹത്തുള്ള ബെല്‍റ്റ്‌, മോതിരം, മാല, പോക്കറ്റില്‍ കുത്തിയിരുന്ന പേന, പര്‍സ് തുടങ്ങിയ സകലമാന സാധനങ്ങളും ഊരി മാറ്റിയിട്ടും മെറ്റല്‍ ഡിറ്റക്ട്ടര്‍ "പീ പീ" അടിച്ചു കൊണ്ടിരിക്കുന്നു.

അവസാനം ഇനി ഊരാന്‍ പാന്‍റും ഷര്‍ട്ടും അണ്ടര്‍വെയറും മാത്രേ ഉള്ളൂ എന്നാ അവസ്ഥ വന്നപ്പോള്‍ ആകെ കണ്ഫ്യൂഷനായ സൗദി പോലീസുകാരന്‍ മുദീറിനെ വിളിച്ചു കൊണ്ട് വന്നു.

ടോണിയേട്ടനാണെങ്കില്‍ അറബി റൊമ്പ കമ്മി - മുദീറിന്‍റെ ചോദ്യങ്ങള്‍ കേട്ട് ടോണിയേട്ടന്‍ പൊട്ടന്‍ ബിസ്കറ്റ് കണ്ടപോലെ ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ !

അവസാനം സഹികെട്ടപ്പോള്‍ പോലീസുകാര്‍ എയര്‍പോര്‍ട്ടില്‍ തൂപ്പുകാരനായ മലയാളിയായ രാജപ്പനെ വിളിച്ചു വരുത്തി.

അറബി നന്നായി അറിയാവുന്ന രാജപ്പനെ കൊണ്ട് ചോദ്യം ചോദിപ്പിക്കലും , ടോണിയേട്ടന്‍റെ അണ്ടര്‍ വെയര്‍ ഒഴികെ എല്ലാം ഊരിച്ച് നോക്കലും കഴിഞ്ഞിട്ടും വീണ്ടും ടോണിയേട്ടന്‍ കടന്നു പോകുമ്പോള്‍ മെറ്റല്‍ ഡിറ്റക്ട്ടറില്‍ "പീ പീ" അടിക്കു മാത്രം ഒരു കുറവുമില്ല !

അവസാനം ടോണിയേട്ടനെ എയര്‍ പോര്‍ട്ടിനടുത്തുള്ള ആശുപത്രിയില്‍ കൊണ്ട് പോയി.

ഡോക്ടര്‍ പരിശോധിച്ചിട്ടും ഒന്നും കാണാത്തതിനാല്‍ ഫുള്‍ ബോഡി എക്സ്റെ എടുക്കാന്‍ തീരുമാനമായി.

എക്സ്റെ കണ്ടപ്പോള്‍ ആണ് ചെറുപ്പത്തില്‍ ഓടിക്കളിക്കുമ്പോള്‍ വീണു കൈയോടിഞ്ഞപ്പോള്‍ ഇട്ട സ്റ്റീല്‍ റോഡിന്‍റെ കാര്യം ടോണിയേട്ടനും ഓര്‍മ്മ വന്നത്.

നിഷ്കളങ്കനായി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ടോണിയേട്ടനെ കണ്ടു ആശുപത്രിക്കാരും, പോലീസുകാരും വരെ ചിരിച്ചു പോയി.

എന്തായാലും ടോണിയേട്ടനെ അവര്‍ തിരികെ കൊണ്ട് പോയി അതെ വിമാനത്തില്‍ തന്നെ കയറ്റി വിട്ടു.

ഇനിയും അബദ്ധം പറ്റാതെയിരിക്കാന്‍ ഇനി വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വരുമ്പോഴോക്കെ  ആ എക്സ്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഉപദേശിക്കാനും പോലീസുകാര്‍ മറന്നില്ല.

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top