Sunday, May 12, 2013

ഒരു 90 പോയ കഥ


നമ്മുടെ ടോണിയെട്ടന് ഒരു ഹോബിയുണ്ട് - വിവിധ രാജ്യങ്ങളിലെ കറന്‍സി കളക്റ്റ് ചെയ്യുക.

സൌദിയിലെ ഞങ്ങളുടെ കമ്പനി രണ്ടുമൂന്നു യൂറോപ്യന്‍ കമ്പനികളുടെ ഡീലര്‍ ആണ്.

പലപ്പോഴും സായിപ്പന്മാര്‍ സൌദിയില്‍ പല പ്രോജക്ടുകളിലും വര്‍ക്ക് ചെയ്യാന്‍ വരാറുണ്ട്.

അവരൊക്കെ ലോകം മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ ആയതിനാല്‍ പല രാജ്യങ്ങളുടെ കറന്‍സികള്‍ അവരുടെ കയ്യില്‍ കാണുവാന്‍ സാധ്യതയുണ്ട് ,

അതിനാല്‍ എല്ലാവരോടും ടോണിയെട്ടന്‍ ചോദിക്കും

"യു ഹാവ് എനി ഫോറിന്‍ കറന്‍സി നോട്ട് ?"


പകരം അവര്‍ക്ക് സൗദി റിയാല്‍ കൊടുക്കുമ്പോള്‍ അവര്‍ ഹാപ്പി ആകുകയും ചെയ്യും.



കഴിഞ്ഞ ആഴ്ച ഒരു ജര്‍മ്മന്‍കാരന്‍ വന്നു - പേര് റാല്‍ഫ് ഡീമല്‍.

ഇന്നലെ രാവിലെ മൂപ്പരെ ഹോട്ടലില്‍ നിന്ന് പിക് ചെയ്തു വരും വഴി ഒന്ന് രണ്ടു കമ്പ്യൂട്ടര്‍ പാര്‍ട്ട്സ് വാങ്ങാന്‍ ഞങ്ങള്‍ മൂവ്വരും കൂടി ജുബൈലില്‍ ഒരു ഷോപ്പില്‍ കയറി.

എന്‍റെ കയ്യില്‍ അഞ്ഞൂറ് റിയാലിന്‍റെ നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചോദിച്ചപ്പോള്‍ ടോണിയെട്ടന്‍റെ കയ്യിലും പൈസയില്ല.

അപ്പോള്‍ മിസ്റ്റര്‍ ഡീമല്‍ പര്‍സ് എടുത്തു തുറന്നു - അതില്‍ നൂറു റിയാലിന്‍റെ ഒരു പഴയ നോട്ട് - അത് കണ്ടപ്പോള്‍ ടോണിയെട്ടന്‍റെ കണ്ണുകള്‍ തിളങ്ങി - കാരണം തന്‍റെ കളക്ഷനില്‍ ചേര്‍ക്കാന്‍ വേണ്ടി കുറെ നാളുകളായി ടോണിയേട്ടന്‍ അന്വേഷിച്ചു നടക്കുന്ന നോട്ട് !

ആ നോട്ട് കൊടുക്കാതിരിക്കാന്‍ ഞാനും ടോണിയെട്ടനും കൂടി തപ്പിയും പെറുക്കിയും ഒക്കെ പൈസ ഒപ്പിച്ചു കൊടുത്ത ശേഷം തിരികെ കാറില്‍ കയറിയപ്പോള്‍ ടോണിയേട്ടന്‍ ഡീമലിനോട് പറഞ്ഞു

"പ്ലീസ് ഡോണ്ട് ഗിവ് ദിസ്‌ ഹന്ദ്രട് റിയാല്‍ - ഇ വില്‍ ഗിവ് യു ഹന്ദ്രട് റിയാല്‍ ടുമാറോ" ഡീമല്‍ സമ്മതിച്ചു.

ഇന്ന് രാവിലെ ഡീമലിനെ വിളിച്ചു വരുന്ന വഴി ടോണിയെട്ടന്‍ നൂറു റിയാല്‍ കൊടുത്തു ആ നോട്ട് വാങ്ങി.

അത് കൊടുത്ത ശേഷം ഡീമല്‍ വീണ്ടും പേര്‍സില്‍ നിന്ന് ഇരുനൂറു റിയാലിന്‍റെ അതിലും പഴയ ഒരു നോട്ടെടുത്ത് കാണിച്ചു.

ടോണിയെട്ടന്‍റെ മനസ്സില്‍ വീണ്ടും ലഡു പൊട്ടി !

പക്ഷെ കയ്യില്‍ കാശില്ല.

മൂപ്പരുടെ ധര്‍മ്മസങ്കടം കണ്ടു ഞാന്‍ ഇരുനൂറു റിയാല്‍ കൊടുത്തു.

ടോണിയെട്ടന്‍ നോട്ട് വാങ്ങി - ഡീമലും ഹാപ്പിയായി.

രാവിലെ ഹദീദ് എന്ന കമ്പനിയില്‍ മീറ്റിംഗ് ആണ് - നേരെ അങ്ങോട്ടാണ് പോകുന്നത്.

പോകുന്ന വഴി മുഴുവന്‍ ടോണിയെട്ടന്‍ ആ നോട്ട് തിരിച്ചും മറിച്ചും നോക്കി അതിന്‍റെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.

സാധാരണ സൌദിയിലെ എല്ലാ കറന്‍സി നോട്ടിലും അന്നത്തെ രാജാവിന്‍റെ ചിത്രം അച്ചടിച്ചിരിക്കും - എന്നാല്‍ ഈ നോട്ടില്‍ ഒരു രാജാവിന്‍റെയും പടം ഇല്ലെന്നുള്ള കാര്യവും എടുത്തു പറഞ്ഞു.

1983 ലെ നോട്ട് ആണ് - അതായതു മുപ്പതു കൊല്ലത്തെ പഴക്കം ! അതും രാജാവിന്‍റെ തല ഇല്ലാത്തത് - അത്യപൂര്‍വ്വം തന്നെ !

ഹദീദില്‍ എത്തി മീറ്റിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ മൂപ്പര്‍ എന്ന വിളിച്ചു കൊണ്ട് സൗദിപൌരനായ ആയ പ്രോജക്റ്റ് എഞ്ചിനീയര്‍ മുഹമ്മദ്‌ അല്‍-ഹര്‍ഷന്‍റെ ഓഫീസില്‍ കൊണ്ടുപോയി.

ആ നോട്ടില്‍ അറബിയില്‍ എഴുതിയിരിക്കുന്നത് എന്താണെന്നു അറിയുക ആയിരുന്നു ഉദ്ദേശം.

"ദിസ്‌ ഇസ് അള്‍ജീരിയന്‍ ദിനാര്‍" ഹര്‍ഷന്‍ സാര്‍ നോട്ട് കണ്ടപ്പോള്‍ തന്നെ പറഞ്ഞു.

"ങേ അപ്പോള്‍ സൗദി റിയാല്‍ അല്ലെ?"

ടോണിയെട്ടന്‍റെ മുഖം മങ്ങിയെങ്കിലും തന്‍റെ കളക്ഷനില്‍ ഇല്ലാത്തത് ആണല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും സമാധാനിച്ചു.

"അള്‍ജീരിയ എങ്കില്‍ അള്‍ജീരിയ , എന്തായാലും എന്‍റെ കയ്യില്‍ ഇല്ലാത്തതല്ലേ"

"പക്ഷെ ടോണിയെട്ടാ- അതിന്‍റെ വാല്യു സൗദി റിയാലുമായി ഒന്ന് നോക്കണ്ടേ?" ഞാന്‍ ചോദിച്ചു.

"തന്‍റെ മൊബൈലില്‍ ഉണ്ടല്ലോ - ഒന്ന് നോക്കിക്കേ"

ഞാന്‍ മൊബൈലില്‍ xe കറന്‍സി കണ്‍വര്‍ട്ടര്‍ സോഫ്റ്റ്‌വെയര്‍ എടുത്തു അള്‍ജീരിയന്‍ ദിനാര്‍ ആഡ് ചെയ്തു നോക്കി - ഇരുനൂറു അള്‍ജീരിയന്‍ ദിനാര്‍ = 9.4 സൗദി റിയാല്‍ !

"കര്‍ത്താവേ പണി കിട്ടി !"

ടോണിയെട്ടന്‍ തലയില്‍ കൈ വച്ചു.

"സാരമില്ല , ഞാന്‍ അങ്ങേരെ കാര്യം പറഞ്ഞു മനസിലാക്കി വാങ്ങിത്തരാം" ഞാന്‍ ടോണിയെട്ടനെ സമാധാനിപ്പിച്ചു.

തിരികെ മിസ്റ്റര്‍ ഡീമലിന്‍റെ അടുത്ത് വന്നു നടന്ന സംഭവങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ഡീമലിനും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.

അദ്ദേഹം പണം ടോണിയെട്ടന് ഓണ്‍ ദി സ്പോട്ട് എടുത്തു കൊടുത്തു - പക്ഷെ ഒരു നൂറു റിയാല്‍ മാത്രം !

മിസ്റ്റര്‍ ഡീമലിന് സംഗതി മൊത്തത്തില്‍ മനസ്സിലായില്ല എന്ന് തോന്നുന്നു - എന്തായാലും ഇനി ചോദിക്കണ്ട എന്ന് ടോണിയെട്ടന്‍ തന്നെ എന്നോട് പറഞ്ഞു.

അങ്ങനെ രാവിലെ തന്നെ ടോണിയെട്ടന്‍റെ 90 റിയാല്‍ പോയിക്കിട്ടി .

"നാട്ടില്‍ ആയിരുന്നെകില്‍ ഈ വിഷമം തീര്‍ക്കാന്‍ ഒരു 90 അടിക്കാമായിരുന്നു"

എന്ന് കൂടി ടോണിയെട്ടന്‍ പറഞ്ഞപ്പോള്‍ അതുവരെ അടക്കി ചിരി അടക്കി വച്ചിരുന്ന ഞാന്‍ നിയന്ത്രണം വിട്ടു പൊട്ടിച്ചിരിച്ചു പോയി.


0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top