അന്ന് ടോണിയെട്ടന് സാബിക്കിന്‍റെ ഒരു കമ്പനിയില്‍ ആയിരുന്നു ഡ്യൂട്ടി
(സാബിക്ക് എന്നാല്‍ സൗദി രാജാവിന്‍റെ മോന്‍റെ പേരല്ലാട്ടോ - Saudi Arabian Basic Industries Corporation എന്നതിന്‍റെ ചുരുക്കെഴുത്താണ് സാബിക്ക്)
ഈ കമ്പനികളില്‍ എല്ലാം പുകവലി കമ്പനി കോമ്പൌണ്ടില്‍ പല സ്ഥലത്തായി കെട്ടിയിട്ടിട്ടുള്ള സ്മോക്കിംഗ് ബൂത്തുകളില്‍ മാത്രമേ പാടുള്ളൂ.
പതിവ് പോലെ തന്‍റെ ജോലി നടക്കുന്ന സൈറ്റിന്‍റെ അടുത്തുള്ള സ്മോക്കിംഗ് ബൂത്തില്‍ ഒരു വില്‍സ് സിഗരറ്റ് തീകൊടുത്ത് പുക ആസ്വദിച്ചിരിക്കുകയായിരുന്നു ടോണിയെട്ടന്‍.

ടോണിയേട്ടനെ കൂടാതെ സ്മോക്കിംഗ് ബൂത്തില്‍ ഒരേ സൈറ്റില്‍ ജോലി ചെയ്യുന്ന മറ്റൊരു കമ്പനിയുടെ ഫിലിപ്പിനോ ഇലക്ട്രീഷന്‍ മാത്രം.
ടോണിയെട്ടനെ കണ്ടിട്ട് പലരും ഫിലിപ്പിനോ ആണോന്നും നേപ്പാളി ആണോന്നും ഒക്കെ ചോദിച്ചിട്ടുണ്ട്.
പക്ഷെ ഏതൊരു മലയാളിയെ കണ്ടാലും നേരെ "ചേട്ടാ" നാട്ടില്‍ എവിടാ?" എന്ന് ചോദിച്ചു സംസാരം തുടങ്ങുന്ന ഒരു മലയാളി പോലും ഇത് വരെ ടോണിയെട്ടന്‍റെ മുഖത്ത് നോക്കി ചേട്ടാന്നു വിളിച്ചിട്ടില്ല.
ഒറ്റ നോട്ടത്തില്‍ മലയാളി എന്ന് മുഖത്തെഴുതി വച്ചിട്ടുള്ള ഒരു പയ്യന്‍ സ്മോക്കിംഗ് ബൂത്തിലേക്ക് കടന്നു വന്നു.
ഒഴിഞ്ഞു കിടന്ന ബെഞ്ചില്‍ ഇരുന്ന ശേഷം അവന്‍ ബൂത്തിനകത്തു ഇരിക്കുന്ന രണ്ടു "ഫിലിപ്പിനോകളെയും" ഒന്ന് രണ്ടു തവണ മുഖത്തേക്ക് നോക്കി
മലയാളികള്‍ അല്ല എന്ന് ഉറപ്പിച്ചു.
പിന്നെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു പൊതിയെടുത്ത് തുറന്നു.
ആദ്യം ടിഷ്യൂ പേപ്പറിലും പിന്നെ പ്ലാസ്റ്റിക് കവറിലും ഭദ്രമായി പൊതിഞ്ഞ ഒരു മൊബൈല്‍ ഫോണ്‍ !
പൊതി കണ്ടപ്പോള്‍ സിഗരറ്റ് പാക്കറ്റ് ആയിരിക്കും എന്നാണു ടോണിയെട്ടന്‍ ആദ്യം കരുതിയത്.
പയ്യന്‍ ഫോണെടുത്തു ഓണ്‍ ചെയ്തു നമ്പര്‍ ഡയല്‍ ചെയ്തു ചെവിയോടു ചേര്‍ത്തു.
"ഹലോ....ആ...... ഞാന്‍ വരുമ്പോ വൈകുന്നേരം ആകും.........ഇല്ല......... വന്നിട്ടെന്തിനാ......... നിനക്കൊന്നും പറയാന്‍ ഇല്ലല്ലോ"
ദേഷ്യത്തില്‍ ഉച്ചത്തില്‍ ഉള്ള സംസാരം കേട്ടാല്‍ അറിയാം മറുതലക്കല്‍ നാട്ടിലുള്ള ഭാര്യയാണെന്ന്.
സ്നേഹം പ്രകടിപ്പിക്കാന്‍ നാണിക്കുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ നിരാശ മറക്കാനുള്ള കപടദേഷ്യത്തോടെയുള്ള മുഖവുര.
"ഞാന്‍ നിന്‍റെ അച്ഛനേം അമ്മേനേം വിളിച്ചു പറയേണ്ടി വരും എന്ന് തോന്നുന്നു............"
അങ്ങേതലക്കലുള്ള ആള്‍ പറയുന്നത് ശ്രദ്ധിച്ച ശേഷം പയ്യന്‍ മറുപടി പറഞ്ഞു ......."നീ ഒന്നും മിണ്ടുന്നില്ലാന്ന് .....ഹി ഹി ഹി"
മെല്ലെ സംസാരത്തിന്‍റെ ടോണ്‍ മാറിത്തുടങ്ങി.
തനിക്കു ചുറ്റും ആളുകള്‍ ഇരിക്കുന്നെന്ന് പോലും നോക്കാതെയുള്ള പയ്യന്‍റെ ചൂടുള്ള സംസാരത്തില്‍ ജനുവരിയിലെ തണുത്ത അന്തരീക്ഷം വരെ മെല്ലെ ചൂടായി തുടങ്ങിയപ്പോള്‍ ടോണിയെട്ടന്‍ അപകടം മണത്തു.
കത്തിച്ചു പകുതി പോലും ആയിട്ടില്ലാത്ത സിഗരറ്റ് കുത്തികെടുത്തി "കോപ്പന്‍" എന്ന് പിറുപിറുത്തു കൊണ്ട് തിരികെ വര്‍ക്ക് സൈറ്റിലേക്കു നടക്കുമ്പോള്‍ നാട്ടിലുള്ള സുന്ദരിയായ ഭാര്യ സലീനചേച്ചിയുടെ മുഖം ടോണിയെട്ടന്‍റെ മനസ്സില്‍ തെളിഞ്ഞു.
അവിടെയിരുന്നു അവന്‍റെ സംസാരം മുഴുവന്‍ കേട്ട് രസിച്ച ശേഷം അവസാനം "എന്ത് പണിയാ മാഷേ" എന്ന് ചോദിച്ചാല്‍ അവന്‍റെ മുഖം കടലാസുപോലെ വിളറുന്നത് കാണാമായിരുന്നു എന്ന് മനസ്സില്‍ തമാശയായി ആലോചിച്ചപ്പോള്‍ ടോണിയെട്ടന്‍റെ മുഖത്ത് ചിരി തെളിഞ്ഞു.









0 comments
Posts a comment