Monday, April 1, 2013

ടോണിയേട്ടനും പാന്‍കാര്‍ഡും

നാലുദിശകളിലേക്കും നിലയുറപ്പിച്ച സിംഹങ്ങളും ഇരുപത്തിനാല് ആരക്കാലുകള്‍ ഉള്ള അശോകചക്രവും ഉള്‍പ്പെട്ട ഭാരതീയ സര്‍ക്കാര്‍മുദ്ര സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണല്ലോ , എന്നാല്‍ ചില ആളുകള്‍ക്ക് അബദ്ധത്തില്‍ രഷപ്പെടാനും ഈ മുദ്ര സഹായകമാകാറുണ്ട്. അത്തരം ഒരു സംഭവം ഇതാ;

ഒരു ശനിയാഴ്ച രാത്രി , എറണാകുളം സൌത്തിലെ ഒരു ബാറിനു മുന്നില്‍ അടിച്ചു വീലായി സിഗരറ്റും വലിച്ചു നില്‍ക്കുകയായിരുന്നു ടോണിയേട്ടനും, സഹപ്രവര്‍ത്തകന്‍ സുന്ദരനും. സുന്ദരന്‍ വലിയ വാചകമടിക്കാരനാണ്. ഈ ലോകത്തുള്ള ഏതു കാര്യത്തെകുറിച്ചും തികച്ചും ഔദ്യോഗികമായിത്തന്നെ അഭിപ്രായം പറഞ്ഞു കളയും. അതുപോലെ മൂപ്പര്‍ക്ക് പിടിപാടില്ലാത്ത ഡിപ്പാര്‍ട്ട്മെന്റോ വകുപ്പോ നാട്ടില്‍ ഇല്ലെന്നും മൂപ്പര്‍ വാചകമടിയിലൂടെ എല്ലാവരെയും വിശ്വസിപ്പിച്ചു വച്ചിട്ടുമുണ്ട്.

പെട്ടെന്ന് ടോണിയേട്ടന്‍റെ പിന്നില്‍ ഒരു കൈ വന്നു വീണു - തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഡ്യൂട്ടിപോലീസുകാരന്‍. ടോണിയേട്ടന്‍ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ബഹുമാനസൂചകമായി താഴെയിട്ടു.

"പൊതുസ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണെന്ന് അറിയില്ലേ?" പോലീസുകാരന്‍റെ ചോദ്യം.

"അത്..." ടോണിയെട്ടന്‍ പരുങ്ങി.

"എവിടാ വര്‍ക്ക്ചെയ്യുന്നേ?" പോലീസ്കാരന്‍റെ അടുത്ത ചോദ്യം - വല്ലതും കാര്യായി തടയോന്നറിയണമല്ലോ.

ടോണിയേട്ടന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് പാന്‍കാര്‍ഡ് ! നേരെ പോലീസുകാരന് വച്ചു നീട്ടി.

പോലീസുകാരന്‍ പാന്‍കാര്‍ഡ് തിരിച്ചും മറിച്ചും നോക്കി. സര്‍ക്കാര്‍ മുദ്രയുണ്ട് , ഗവര്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന് എഴുതിയിട്ടുണ്ട് , ഫോട്ടോയും ഉണ്ട്.

"നിങ്ങളെപ്പോലെയുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഇങ്ങനെ ആയാല്‍ എന്ത്ചെയ്യും സാര്‍" പാന്‍കാര്‍ഡ് ആദരവോടെ തിരികെ നല്‍കി പരിഭവം കലര്‍ന്ന ഉപദേശത്തോടെ പോലീസുകാരന്‍ സ്ഥലം വിട്ടു. പാന്‍കാര്‍ഡ് കണ്ടു ടോണിയേട്ടന്‍ ഏതോ വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെന്ന് തെറ്റിദ്ധരിച്ചതാണ് പാവം. ഇതെന്തുമായ എന്ന മട്ടില്‍ അമ്പരപ്പോടെ ടോണിയേട്ടന്‍ സുന്ദരനെ നോക്കി. - അവിടെയെങ്ങും സുന്ദരന്‍റെ പൊടി പോലും കാണാനില്ലായിരുന്നു. അപ്പോള്‍ സുന്ദരന്‍റെ ബൈക്ക് എം.ജി റോഡിന്‍റെ അങ്ങേ സൈഡിലൂടെ പാഞ്ഞു പോകുന്നത് കണ്ടു ടോണിയേട്ടന്‍ മനസ്സില്‍ ചിരിച്ചു "ബെസ്റ്റ് കൂട്ടുകാരന്‍ !"

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top